19-June-2023 -
By. Business Desk
കൊച്ചി: ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ബിസിനസുകള്‍ക്കും വേണ്ടിയുള്ള ആഗോള റഫറല്‍ മാര്‍ക്കറ്റിംഗ് സംഘടനയായ ബിസിനസ് നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ (ബിഎന്‍ഐ) ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ബിഎന്‍ഐ സ്ഥാപകനും ചീഫ് വിഷനറി ഓഫീസറുമായ ഡോ. ഇവാന്‍ മിസ്‌നര്‍ ഇന്ത്യയിലെത്തി സംരംഭകരുമായി കൂടിക്കാഴ്ച്ച നടത്തി. ദേശീയതലത്തില്‍ 121 നഗരങ്ങളിലെ 1080 ചാപ്റ്ററുകളിലായി 50830 അംഗങ്ങളുള്ള ബിഎന്‍ഐ, അംഗങ്ങള്‍ക്ക് ഉതകുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുകയും ബിസിനസ് വളര്‍ച്ചയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന സംഘടനയാണ്. സംരംഭക മേഖലയില്‍ വൈദഗ്ധ്യം നേടിയ ആളുകളുടെ ക്ലാസുകളും ബിഎന്‍ഐ അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നു.
കേരളത്തില്‍ 110 ചാപ്റ്ററുകളിലായി അയ്യായിരത്തോളം അംഗങ്ങളുള്ള ബിഎന്‍ഐ, 2.86 കോടി രൂപയുടെ ബിസിനസാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം സൃഷ്ടിച്ചത്.സംരംഭകത്വ പരിശീലനം വഴി രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ബിഎന്‍ഐക്ക് സാധിക്കുന്നതായി ഡോ. ഇവാന്‍ മിസ്‌നര്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 30516 കോടി രൂപയുടെ ബിസിനസ് വോളിയം ഞങ്ങളിലൂടെ സാധ്യമായി. പ്രദേശങ്ങളെ വ്യത്യസ്ത മേഖലകളാക്കിതിരിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇതിലൂടെ സംരംഭങ്ങളുടെ സഹകരണവും വളര്‍ച്ചയും ഉറപ്പാക്കാന്‍ കഴിയുന്നു. ഇന്ത്യയുടെ മറ്റിടങ്ങളിലേക്ക് ബിഎന്‍ഐയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.